വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി കവർച്ചയ്ക്കുശ്രമിച്ച ആയുധധാരികളെ ധൈര്യപൂർവം തുരത്തിയ വീട്ടമ്മയ്ക്കും മകള്‍ക്കും പോലീസിന്റെ ആദരം.വ്യാഴാഴ്ചയാണ് ഹൈദരാബാദില്‍ അഭിനന്ദനാർഹമായ സംഭവം നടന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളിങ് ബെല്‍ ശബ്ദിക്കുമ്ബോള്‍ അമിത മെഹോതും(42) മകളും വീട്ടിലുണ്ടായിരുന്നു. വീട്ടുജോലികളില്‍ സഹായിക്കുന്ന സ്ത്രീയാണ് വാതില്‍ തുറന്നത്. പുറത്തുനിന്ന രണ്ട് യുവാക്കള്‍ പാഴ്സല്‍ ഡെലിവറിയ്ക്കെത്തിയതാണെന്ന് അവരെ അറിയിച്ചു. കാത്തുനില്‍ക്കാൻ ആവശ്യപ്പെട്ടയുടനെ സുശീല്‍ എന്നയാള്‍ തോക്ക് പുറത്തെടുക്കുകയും കൂടെയുണ്ടായിരുന്ന പ്രേംചന്ദ് എന്നയാള്‍ കത്തിയെടുത്ത് സഹായിയായ സ്ത്രീയുടെ കഴുത്തില്‍വെക്കുകയും ചെയ്തു.
തുടർന്ന് രണ്ടുപേരും വീടിനുള്ളിലേക്ക് കയറി വീട്ടിലുള്ള വിലപിടിച്ചതെല്ലാം കൈമാറാൻ ആവശ്യപ്പെട്ടു. എന്നാല്‍ ഭീഷണിയില്‍ കുലുങ്ങാത്ത അമിതയും മകളും ചേർന്ന് സുശീലിനെ ഉന്തിയിടുകയും സഹായത്തിനായി അയല്‍വാസികളെ വിളിക്കുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അമിതയും മകളും ധൈര്യപൂർവം സുശീലിനെ പിടികൂടാൻ ശ്രമിക്കുന്നതും ഇവരില്‍നിന്ന് രക്ഷപ്പെടാൻ സുശീല്‍ ശ്രമിക്കുന്നതും ഒടുവില്‍ ഗേറ്റ് കടന്ന് ഓടുന്നതും ദൃശ്യത്തില്‍ കാണാം. സുശീലിനെ പിന്നീട് പിടികൂടി. പ്രേംചന്ദിനെ അയല്‍വാസികള്‍ ചേർന്ന് പിടികൂടുകയും ചെയ്തു.
അമിതയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡെപ്യൂട്ടി കമ്മിഷണർ രോഹിണി പ്രിയദർശിനിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തിയാണ് അമിതയേയും മകളേയും ആദരിച്ചത്. അമിതയുടെ ഭർത്താവ് നവ്രത്തനും അഭിമാനത്തോടെ ഒപ്പമുണ്ടായിരുന്നു.