ഹൈദരബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചൈതന്യ മധാഗ്നിയുടെ മൃതദേഹമാണ് ഓസ്ട്രേലിയയിലെ ബക്ക്ലിയിലെ ഒരു റോഡിനരികിലുണ്ടായിരുന്ന ചവറ്റ് കൂനയില്‍ ശനിയാഴ്ചയാണ് കണ്ടെത്തിയത്.
ഓസ്ട്രേലിയയിലെ വിക്ടോറിയ പൊലീസ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രസ്താവന അനുസരിച്ച് വിന്ചെല്‍സിയ്ക്ക് സമീപത്ത് നിന്നാണ് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംശയകരമായ സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ടിരിക്കുന്നതെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായുമാണ് മാർച്ച് 9 ന് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. പരസ്പരം അറിയുന്ന ആളുകളാണ് അതിക്രമത്തില്‍ ഭാഗമായിട്ടുള്ളതെന്നാണ് വിക്ടോറിയ പൊലീസ് വിശദമാക്കുന്നത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വിശദമാക്കി.
കൊല്ലപ്പെട്ട യുവതി എംഎല്‍എയുടെ മണ്ഡലത്തില്‍ നിന്നുള്ളയാളാണെന്നാണ് ഉപ്പാള്‍ എംഎല്‍എ ബന്ധാരി ലക്ഷ്മ റെഡ്ഡി വിശദമാക്കുന്നത് . ഭർത്താവിനും മകനുമൊപ്പം ഓസ്ട്രേലിയയില്‍ ആയിരുന്നു യുവതി താമസിച്ചിരുന്നത്. യുവതിയുടെ രക്ഷിതാക്കളെ ഇന്ന് സന്ദർശിക്കുമെന്നാണ് എംഎല്‍എ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. യുവതിയുടെ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷിച്ചെന്നാണ് എംഎല്‍എ വിശദമാക്കുന്നത്.