രാത്രിയില്‍ നന്നായി ഉറങ്ങിയിട്ടും രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ ക്ഷീണം പതിവാണോ? എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
പലര്‍ക്കും രാവിലെ ഉണര്‍ന്നുകഴിഞ്ഞാല്‍ ഇത്തരത്തില്‍ ക്ഷീണം പതിവാണ്. തല വല്ലാതെ കനക്കുന്നതുപോലെയൊക്കെ തോന്നാം. ഇത്തരത്തില്‍ ക്ഷീണം തോന്നുന്നതിന്റെ കാരണങ്ങളെ കുറിച്ച് അറിയാം.
അനീമിയ
രക്തത്തില്‍ ഇരുമ്ബിന്റെ അളവ് കുറയുകയാണെങ്കില്‍ അത് ഉറക്കത്തെയും പിറ്റേന്ന് രാവിലെ ഉണരുന്നതിനെയും ബാധിച്ചേക്കാം. ഇത് ഒഴിവാക്കാനായി ഇരുമ്ബ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കണം. ചീര, ഉണക്കമുന്തിരി, ആപ്രിക്കോട്ട്, കടല, ബീന്‍സ്, സീഫുഡ്, കോഴി മുതലായവ ദൈന്യംദിന ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതാണ്. കൂടുതല്‍ ക്ഷീണം തോന്നുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
തൈറോയ്ഡ്
തൈറോയ്ഡ് പ്രശ്നമുണ്ടെങ്കിലും ഇത്തരത്തില്‍ രാവിലെ ഉറക്കമുണരുന്നത് ക്ഷീണത്തോടെയായിരിക്കും. കാരണം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം ഓരോരുത്തരിലും വ്യത്യസ്ത അവസ്ഥയില്‍ ആയിരിക്കും. ഇത് ശരീരത്തിന്റെ മെറ്റബോളിസത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രാത്രിയില്‍ ഇടയ്ക്കിടെ ഉണരുന്നതും ക്ഷീണത്തിന് കാരണമാകാം.
വിഷാദം
വിഷാദരോഗമുള്ളവര്‍ക്ക് രാത്രിയിലെ ഉറക്കം പ്രയാസമായിരിക്കും. എന്നാല്‍ ഇത്തരക്കാര്‍ക്ക് പകല്‍ സമയങ്ങളില്‍ എപ്പോഴും ഉറക്കം അനുഭവപ്പെട്ടേക്കാം. മാത്രമല്ല, വിഷാദരോഗികള്‍ക്ക് ഉറക്കം മാത്രമല്ല, എല്ലാ ദൈനംദിന പ്രവര്‍ത്തനങ്ങളിലും താല്‍പ്പര്യം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കുന്നത് ക്ഷീണത്തോടെ ആയിരിക്കും.
മദ്യം
പതിവായി മദ്യപിക്കുന്നതുകൊണ്ടും രാവിലെ ഉറക്കക്ഷീണം അനുഭവപ്പെടാം. അതുകൊണ്ടുതന്നെ മദ്യപാനശീലം ഒഴിവാക്കേണ്ടതുണ്ട്. കാരണം, മദ്യപാനം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും ഉറങ്ങാതിരുന്നാല്‍ രാവിലെ എഴുന്നേറ്റാല്‍ ക്ഷീണം അനുഭവപ്പെടും. ഉറക്കക്കുറവ് മസ്തിഷ്‌കത്തെ ക്ഷീണിപ്പിച്ചേക്കാം, മാത്രമല്ല അത് അതിന്റെ ചുമതലകള്‍ ശരിയായി നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ പുതിയ കാര്യങ്ങള്‍ പഠിക്കാനോ പ്രയാസം തോന്നിയേക്കാം. അതുകൊണ്ടുതന്നെ ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളെല്ലാം മാറ്റി വച്ച് നല്ല ഉറക്കം ലഭിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ബ്ലൂ ലൈറ്റ് എക്‌സ്‌പോഷര്‍
മൊബൈല്‍ അല്ലെങ്കില്‍ കംപ്യൂടറില്‍ വൈകുവോളം സമയം ചിലവഴിക്കുന്നതും ഉറക്ക കുറവിനുള്ള കാരണമാണ്. ഇവയിലെ നീല വെളിച്ചത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും ശരീരത്തിന്റെ സര്‍കാഡിയന്‍ താളം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇക്കാരണത്താല്‍ രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നതിന് തടസമാകുന്നു.
ഇതേതുടര്‍ന്ന് അടുത്ത ദിവസം രാവിലെ ക്ഷീണിതനായി കാണപ്പെടുന്നു. ഈ പ്രശ്‌നം പരിഹരിക്കുവാനായി ഡിജിറ്റല്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുക, ഉറങ്ങാന്‍ പോകുന്ന സമയത്ത് തീര്‍ചയായും മൊബൈല്‍ പോലുള്ളവയെ മാറ്റി വെക്കേണ്ടതാണ്.
കിടക്കയുടെ ഗുണമേന്മ
ഗുണമേന്മയുള്ളതും യോജിച്ചതുമായ കിടക്ക തന്നെ തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. കാരണം ഗുണമേന്‍മ ഇല്ലാത്ത കിടക്ക ഉപയോഗിച്ചാല്‍ ഉറക്കം തടസപ്പെടും.
അലസമായ ജീവിതശൈലി
അലസമായ ജീവിത ശൈലിയാണ് തുടരുന്നതെങ്കില്‍ അത് ജീവിതത്തെയും ഉറക്കത്തേയും പ്രതികൂലമായി ബാധിച്ചേക്കാം.
നിര്‍ജലീകരണം
നിര്‍ജലീകരണം ശരീരത്തിലെ അമിനോ ആസിഡുകളുടെ സാന്നിധ്യം കുറയ്ക്കുന്നു. അമിനോ ആസിഡുകള്‍ ശരീരത്തില്‍ മെലറ്റോണിന്‍ ഉത്പാദിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ആവശ്യത്തിന് മെലറ്റോണിന്‍ ഇല്ലെങ്കില്‍ നല്ല ഉറക്കം ലഭിക്കുകയില്ല, ഇതുകാരണം പകല്‍ സമയത്ത് ക്ഷീണം അനുഭവപ്പെടുന്നു.