മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ദ്വയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി.
മലയാള സിനിമയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണം നേടിയെടുത്ത സുരേഷ് ഗോപി 90 കളിലും 2000 ത്തിന്റെ ആദ്യദശകങ്ങളിലും സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. പിന്നീട് മനപൂര്‍വം ഇടവേളയെടുത്തെങ്കിലും ഇടക്കിടെ മികച്ച കഥാപാത്രങ്ങളുമായി എത്തിയിരുന്നു.
ഇപ്പോള്‍ വീണ്ടുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേരളം സാക്ഷിയാകാനൊരുങ്ങുമ്ബോള്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ശേഷം എന്‍ഡിഎക്ക് വിശിഷ്യാ ബിജെപിക്ക് സംസ്ഥാനത്ത് ഒരു സ്ഥാനം നേടിയെടുക്കാനുള്ള ചുമതലയാണ് സുരേഷ് ഗോപിക്ക് വന്നിരിക്കുന്നത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുള്ള ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനായിട്ടില്ല. ഇത്തവണ വലിയ പ്രതീക്ഷയിലാണ് ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി എന്ന ഒറ്റയാളിലൂടെ തൃശൂര്‍ എ ക്ലാസ് മണ്ഡലമായി കാണുന്നതും അതിനാലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച വോട്ടുവിഹിതം സ്വന്തമാക്കാന്‍ സുരേഷ് ഗോപിക്ക് സാധിച്ചിരുന്നു.
എല്‍ഡിഎഫിനായി വിഎസ് സുനില്‍ കുമാറാണ് മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സിറ്റിംഗ് എംപി ടിഎന്‍ പ്രതാപനാണ് കൂടുതല്‍ സാധ്യത. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിലും മൂന്ന് മുന്നണികളും മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ ലുര്‍ദ് മാതാവിന് സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടം സംബന്ധിച്ച വിവാദങ്ങളും തലപൊക്കിയിട്ടുണ്ട്.
ഈ അവസരത്തില്‍ സുരേഷ് ഗോപിയുടെ ആസ്തി, വരുമാനം, ബാധ്യതകള്‍ എന്നിവ പരിശോധിക്കാം. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 10,94,71,453 രൂപയുടെ ആസ്തിയുണ്ട് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 76 ലക്ഷത്തിന്റെ ബാധ്യതയും തനിക്കുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. തന്റേയും കുടുംബത്തിന്റേയും പക്കല്‍ രണ്ട് കോടിയിലേറെ രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഉണ്ട് എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇതുകൂടാതെ തിരുനെല്‍വേലിയില്‍ 82 ഏക്കര്‍ കൃഷിയിടവും സുരേഷ് ഗോപിക്ക് ഉണ്ട്. 1.70 കോടി രൂപ മൂല്യമുള്ള കാര്‍ഷികേതര ഭൂമിയുമുണ്ട്. ഏഴിടങ്ങളിലായി താമസയോഗ്യമായ വീടുകളും ഉണ്ട്. ഇതിന്റെ ആകെ മൂല്യം മൂന്ന് കോടിയിലേറെ വരും. നടന്‍ എന്ന നിലയിലാണ് സുരേഷ് ഗോപി പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. ഇത് കൂടാതെ എം പിയായപ്പോള്‍ ലഭിച്ച പ്രതിഫലവും ചാനലുകളിലെ അവതാരകന്‍ എന്ന നിലയിലും വരുമാനമുണ്ടായിരുന്നു.
ഒരു കോടി രൂപ വിലയുള്ള ടൊയോട്ട വെല്‍ഫയര്‍, 15 ലക്ഷത്തിന്റെ ടാറ്റ സഫാരി, 28 ലക്ഷത്തിന്റേയും 10 ലക്ഷത്തിന്റേയും കാരവന്‍, 50 ലക്ഷത്തിന്റെ ഔഡി എന്നിവയാണ് സുരേഷ് ഗോപിയുടെ ഗാരേജിലുള്ള വാഹനങ്ങള്‍. മകന്‍ ഗോകുല്‍ സുരേഷും നടന്‍ എന്ന നിലയില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. അതേസമയം ഒരു സിനിമക്ക് 2 കോടി മുതല്‍ 3 കോടി വരെ സുരേഷ് ഗോപി പ്രതിഫലം വാങ്ങുന്നുണ്ട് എന്നാണ് ടോപ്മൂവി റാങ്കിംഗ്‌സ് എന്ന വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. 99 നെറ്റ് വര്‍ത്ത് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രകാരം സുരേഷ് ഗോപിയുടെ ആസ്തി 42 കോടി രൂപയാണ്.