വിദേശവനിതയുമായുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ യുപിയിലെ ബിജെപി എംപി ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്.
യുപി ബാരാബങ്കി മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംപി ഉപേന്ദ്ര സിങ് റാവത്തിനാണ് ലോക്സഭാ സീറ്റ് നഷ്ടപ്പെട്ടത്. ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ ബാരാബങ്കിയില്‍ നിന്ന് സിറ്റിങ് എംപിയായ ഉപേന്ദ്ര സിങ് റാവത്തിനെ തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. തൊട്ടുപിന്നാലെയാണ് ഒരു വിദേശവനിതയോടൊപ്പമുള്ള അശ്ലീല വീഡിയോ വ്യാപകമായി പ്രചരിച്ചത്. അതേസമയം, ഡീപ്ഫേക്ക് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച എഡിറ്റ് ചെയ്ത വീഡിയോ ആണിതെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും
ഉപേന്ദ്ര സിങ് റാവത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
‘ഇക്കാര്യത്തില്‍ ബിജെപി ദേശീയ പ്രസിഡന്റിനോട് സമഗ്രമായി അന്വേഷിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഞാന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ പൊതുജീവിതത്തില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും അദ്ദേഹം ഹിന്ദിയില്‍ പോസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന്റെ പേഴ്സണല്‍ സെക്രട്ടറി ദിനേശ് ചന്ദ്ര റാവത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 419, 501 എന്നിവയും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചേര്‍ത്ത് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാബങ്കിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എംപിയുടെ സല്‍പേരിന് കോട്ടം വരുത്താനും വിശ്വാസ്യത തകര്‍ക്കാനുമാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ വീഡിയോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് എഫ്ഐആര്‍ അവകാശപ്പെടുന്നത്. ബാരാബങ്കിയില്‍ നിന്ന് സീറ്റ് ലഭിച്ചയുടന്‍ തന്നെ എതിരാളികള്‍ ‘വ്യാജ വീഡിയോ’ വൈറലാക്കിയെന്നും പോലിസ് അന്വേഷണം ആരംഭിച്ചെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എല്ലാം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ഏഴ് വീഡിയോകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും റാവത്ത് പറഞ്ഞു. സിറ്റിംഗ് എംപി പ്രിയങ്കാ റാവത്തിനെ ഒഴിവാക്കിയാണ് 2019ല്‍ ബാരാബങ്കി മണ്ഡലത്തില്‍ നിന്ന് റാവത്തിന് ടിക്കറ്റ് നല്‍കിയത്.