ഷൊര്‍ണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയില്‍ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.
കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചതിന് ശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. മാവേലിക്കരയില്‍ വെച്ച് കൊല ചെയ്തതിന് ശേഷം കാറില്‍ ഷൊര്‍ണൂരില്‍ തിരിച്ചെത്തിയെന്നാണ് അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴി.
പല തവണ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞിരുന്നതിനാല്‍ കാര്യമായിട്ടെടുത്തില്ലെന്നാണ് പങ്കാളി പറയുന്നത്. സാധാരണ പോലെ മെസേജ് അയച്ചതാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് പങ്കാളിയും പൊലീസില്‍ മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് പ്രേരിപ്പിച്ചത് പങ്കാളിയുമായുള്ള തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് ഇന്നലെ കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പാലക്കാട് ഷൊര്‍ണൂരില്‍ ഇന്നലെ രാവിലെയാണ് പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ അമ്മ ആശുപത്രിയിലെത്തിച്ചത്. കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനം മൂലമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു.
കുഞ്ഞിന്റെ അമ്മ നിരപരാധിയാണെന്നായിരുന്നു പൊലീസിന്റെ നിഗമനം. തുടര്‍ന്ന് അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴാണ് മരണകാരണം വ്യക്തമായത്. ഇതോടെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ശില്‍പ കുറ്റം സമ്മതിച്ചു.
ഇന്നലെ യുവതി കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിയത്. ആ സമയം മരണം സംഭവിച്ചിരുന്നു. അസ്വാഭാവികത തോന്നിയ മെഡിക്കല്‍ ഓഫീസര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.